2013, ജനുവരി 13, ഞായറാഴ്‌ച

'ബ്ലാക്ക്‌മാന്‍ ' തിരക്കഥ എന്തിന് ?

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ മാസങ്ങളായി അരങ്ങുവാഴുന്ന ബ്ലാക്ക്‌മാന്‍ കഥ ദലിതരും പിന്നാക്കക്കാരും താമസിക്കുന്ന ഗ്രാമങ്ങളിലും കോളനികളിലും ഭീതിയുടെ നിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. രണ്ടുമാസം മുമ്പു തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വിതുര എന്ന ഗ്രാമത്തിലാണ് ബ്ലാക്ക്‌മാന്‍കഥയ്ക്ക് തുടക്കം. നാട്ടുകാര്‍ പറയുന്നതിങ്ങനെ: കറുത്ത കോട്ടണിഞ്ഞ്, മുഖം മറച്ച,് മാരകായുധങ്ങളുമായാണ് ബ്ലാക്ക്‌മാന്‍ വരുന്നത്. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകള്‍ കേന്ദ്രീകരിച്ചാണ് ബ്ളാക് മാന്റെ ആക്രമണം. രാത്രികാലങ്ങളില്‍ കതകില്‍ തട്ടിവിളിച്ച് ശബ്ദമുണ്ടാക്കുക, വീട്ടുകാര്‍ കതകുതുറന്നു നോക്കുമ്പോള്‍ ബ്ലാക്ക്‌മാന്‍ ഓടിമറയുക- ഇങ്ങനെ നീളുന്നു പൊടിപ്പും തൊങ്ങലും വച്ചുള്ള കഥകള്‍.
ഒക്ടോബര്‍ 15ന് ആറ്റിങ്ങല്‍ കടവിള കാട്ടുപറമ്പ് പ്രദേശത്ത് കൂലിവേല കഴിഞ്ഞു മടങ്ങിയെത്തിയ കെട്ടിട നിര്‍മാണത്തൊഴിലാളികളായ ദലിത് യുവാക്കളെ നാട്ടുകാര്‍ ബ്ലാക്ക്‌മാന്നെന്ന് ആരോപിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു. നാട്ടില്‍ ബ്ലാക്ക്‌മാനന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കുകയും നിരപരാധികളെ മര്‍ദ്ദിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പ്രശാന്തന്‍ കാണി കൊലപാതകശ്രമം ചുമത്തി കേസ് എടുക്കുമെന്ന് പത്രസമ്മേളനം വിളിച്ചുചേര്‍ത്തു പ്രഖ്യാപിക്കുകയുണ്ടായി.
വര്‍ക്കല ഞെക്കാട് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2012 സപ്തംബര്‍ 28 വെള്ളിയാഴ്ച പകല്‍ 12 മണിക്ക് ഒരു കുട്ടിയുടെ ചെവി ബ്ളാക്മാന്‍ കടിച്ചു പറിക്കുകയും സെക്യൂരിറ്റി നിന്ന ജിവനക്കാരന്റെ തല കമ്പികൊണ്ട് അടിച്ചു പൊട്ടിക്കുകയും ചെയ്തു. ഈ ഊഹാപോഹ ക്കഥ പരിഭ്രാന്തരായ നാട്ടുകാരും രക്ഷകര്‍ത്താക്കളും സംഭവസ്ഥലമായ സ്കൂളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ബ്ളാക്മാന്‍ സംഭവം വെറുമൊരു കെട്ടുകഥയാണെന്നു ബോധ്യമായി.

കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയിലും കൊട്ടാരക്കര എം.സി റോഡിന് വടക്കുഭാഗത്തുള്ള വൈങ്കോട്ടൂര്‍, ഇടയം, വയയ്ക്കല്‍, അര്‍ക്കന്നൂര്‍, തേവന്നൂര്‍, പോരേടം തുടങ്ങിയ  പ്രദേശങ്ങളിലും കറുത്തകുപ്പായക്കാരായ അമാനുഷികശക്തികളെക്കുറിച്ചുള്ള കുപ്രചാരണം വ്യാപകമായിട്ടുണ്ട്. ഇളമാട്, ചടയമംഗലം, ഇടമുളയ്ക്കല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകളിലും ബ്ളാക്മാന്‍ പ്രചാരണം ശക്തമായി തുടരുകയാണ്.
ആയൂര്‍ ഇളമാട് പഞ്ചായത്തിലെ കുണ്ടൂര്‍ കോളനിവാസികള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ബ്ളാക്മാന്‍ ഭീതിയിലായിരുന്നു. രണ്ടുദിവസം മുമ്പ്  2012 ഒക്ടോബര്‍ 30ന് രാത്രി 11.30ഓടെ കോളനിക്ക് സമീപത്തുനിന്നും സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയ 6 പേര്‍ ഈ പഞ്ചായത്തിലെ 8ാം വാര്‍ഡില്‍ ഉള്‍പ്പെട്ട അമ്പലംമുക്ക് ഭാഗത്തുനിന്നുള്ള ശിവസേനക്കാരായിരുന്നു. ഇവരെ കോളനിവാസികള്‍ ചടയമംഗലം പോലിസിനു കൈമാറി. എന്നാല്‍, ജീപ്പില്‍ കൊണ്ടുപോവാന്‍ തുടങ്ങുമ്പോള്‍ മറ്റൊരു ജീപ്പിലെത്തിയ ആയുധധാരികളായ ഒരു സംഘം പോലിസിന്റെ മുകയ്യില്‍ നിന്നു പിടികൂടിയവരെ ബലമായി മോചിപ്പിച്ചു കൊണ്ടുപോവുന്ന കാഴ്ചയാണ് കോളനിവാസികള്‍ക്കു മുന്നിലുണ്ടായത്. പിറ്റേ ദിവസം ദലിത് സംഘടനകളും ഡി.എച്ച്്.ആര്‍.എമ്മുമാണ് ബ്ളാക്മാന്റെ പിന്നിലെന്നു സവര്‍ണരാഷ്ട്രീയക്കാര്‍ വ്യാപക പോസ്റ്റര്‍ പ്രചാരണം നടത്തി. സി.പി.എം, ബി.ജെ.പി, ശിവസേന തുടങ്ങിയ സവര്‍ണ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാഷ്ട്രീയവ്യത്യാസങ്ങളും കൊടിയുടെ നിറവും മറന്നു പല സ്ഥലങ്ങളിലും ബ്ളാക്മാന്റെ ഉത്തരവാദിത്തം ദലിതരുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി പോലിസിലെ ചില ഉദ്യോഗസ്ഥരും സ്പെഷ്യല്‍ ബ്രാഞ്ചിലെ ഒരു വിഭാഗവും കൂട്ടുനില്‍ക്കുന്നു.


കഴിഞ്ഞ കാലഘട്ടങ്ങളില്‍ ദലിതര്‍ വസിച്ചിരുന്ന ഗ്രാമങ്ങളില്‍ ‘മാടന്‍, മറുത, യക്ഷി’  തുടങ്ങിയ പിശാചുക്കളുടെ കഥകള്‍ സര്‍വസാധാരണമായി പ്രചരിപ്പിച്ചിരുന്നു. ഇതിനു പിന്നില്‍ സാമൂഹികവിരുദ്ധരും സദാചാരവിരുദ്ധരുമായ സവര്‍ണരായിരുന്നു. സവര്‍ണ പുരുഷന്‍മാരുമായുള്ള അവിഹിതബന്ധങ്ങള്‍ ഭര്‍ത്താവും ബന്ധുക്കളും അറിയാതിരിക്കാന്‍ ഇത്തരം അന്ധവിശ്വാസകഥകളുടെ പ്രചാരകരായ ദലിത് സ്ത്രീകളും മുന്നിട്ടിറങ്ങിയിരുന്നു. ഇവരിലൂടെ ദലിത് സമുദായത്തിലെ  പെണ്‍കുട്ടികളെയും യുവതികളെയും ഇത്തരം നിറം പിടിപ്പിച്ച കഥകള്‍ വിശ്വസിപ്പിച്ച് തെറ്റായ വഴികളിലേക്കു തള്ളിവിടാന്‍ ഒരുകാലത്തു സാധിച്ചിരുന്നു.
വിദേശത്തുനിന്നു കടന്നുവന്ന ആര്യന്മാര്‍ വേദകാലഘട്ടത്തില്‍ അടിസ്ഥാനവര്‍ഗങ്ങളായ കറുത്തവംശജരായ ദലിതരെ അടിച്ചമര്‍ത്താന്‍ രാക്ഷസന്മാര്‍, അസുരന്മാര്‍, ചണ്ഡാളര്‍, ദാസന്മാര്‍ തുടങ്ങിയ പേരുകളാണു നല്‍കിയിരുന്നത്. എക്കാലവും ആര്യന്മാര്‍ക്ക് ഇന്ത്യന്‍ സംസ്കാരവും കറുത്തതൊലിയുള്ള മനുഷ്യരും അറപ്പിന്റെയും വെറുപ്പിന്റെയും ചിഹ്നങ്ങളായിരുന്നു. അപരിഷ്കൃതമായ ജാതിനിയമ കാലഘട്ടം കഴിഞ്ഞിട്ടും ആര്യന്മാരുടെ പുത്തന്‍ തലമുറയ്ക്കു മനോഭാവത്തിലിപ്പോഴും മാറ്റമുണ്ടാവാത്തത് അതുകൊണ്ടാണ്. അതാണ് ഇത്തരം അന്ധവിശ്വാസകഥകള്‍ ഇന്നും പടരുന്നത്. ഒരുകാലത്തു പ്രചാരത്തിലുണ്ടായിരുന്ന വെള്ളത്തിലാശാന്‍ (ജലപ്പിശാച്: നീര്‍നായയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ജലജീവി!), മല്‍സ്യകന്യക (കടലില്‍ വസിക്കുന്ന കാലിന്റെ ഭാഗത്ത് മീന്‍ വാലുള്ള മനുഷ്യയുവതി!) തുടങ്ങിയ കെട്ടുകഥകള്‍ക്കു സമാനമാണ്  2012 ല്‍ സാംസ്കാരികകേരളത്തില്‍ പ്രചരിക്കുന്ന ബ്ളാക്മാന്‍ കഥ.

പട്ടികജാതി സങ്കേതങ്ങളിലും കോളനികളിലും രാഷ്ട്രീയവിശ്വാസം ഇന്നു നഷ്ടപ്പെട്ടിരിക്കുകയാണ്. സവര്‍ണ രാഷ്ട്രീയപ്പാര്‍ട്ടിക്കാരുടെ രാഷ്ട്രീയവഞ്ചന തിരിച്ചറിഞ്ഞ ദലിതര്‍ പണ്ടത്തെപ്പോലെ പാര്‍ട്ടികള്‍ക്ക് ജാഥ വിളിക്കാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ഗുണ്ടായിസത്തിനോ പോവുന്നില്ല. ഇതിനു സാഹചര്യമൊരുക്കിയത് അംബേദ്കറുടെ പ്രത്യയശാസ്ത്രം പ്രാവര്‍ത്തികമാക്കുന്ന ദലിത് പ്രസ്ഥാനങ്ങളാണ്. ഇതില്‍ വിറളിപൂണ്ട പ്രാദേശിക രാഷ്ട്രീയനേതാക്കളാണു കറുത്തവരെ ഒറ്റപ്പെടുത്താനുള്ള ബ്ളാക്മാന്‍ കഥയ്ക്കു പിന്നില്‍.
അജ്ഞതയിലും അന്ധവിശ്വാസത്തിലും ദാരിദ്യ്രത്തിലും കഴിഞ്ഞുകൂടുന്ന ദലിത് കോളനികളില്‍ ഇത്തരം കെട്ടുകഥകള്‍ തഴച്ചുവളരാനുള്ള സാഹചര്യം ഏറെയാണ്. അതുകൊണ്ടാണ് സവര്‍ണവിഭാഗക്കാരും മറ്റിതര സമുദായങ്ങളും ജീവിക്കുന്ന ഇടങ്ങളില്‍ ബ്ളാക്മാന്‍ കഥ ചൂടുപിടിക്കാത്തത്. ഇപ്പോഴത്തെ ബ്ളാക്മാന്‍ കഥയ്ക്കു സദാചാരവിരുദ്ധരെയും സവര്‍ണ രാഷ്ട്രീയപ്രസ്ഥാനക്കാരെയും പ്രേരിപ്പിച്ചത് സമീപകാലത്തു പട്ടികവിഭാഗ കോളനികളിലുണ്ടായ രാഷ്ട്രീയപ്രബുദ്ധതയാണ്. ദലിത് കോളനിയില്‍ ഇടക്കാലത്തുണ്ടായ സംഘടിതബോധവും രാഷ്ട്രീയമുന്നേറ്റവും ഈ ജനതയെ കാലാകാലങ്ങളായി ചൂഷണം ചെയ്തിരുന്ന രാഷ്ട്രീയ-വര്‍ഗീയശക്തികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഈ ഒരു മാറ്റം ദലിത് കോളനികളില്‍ സാധ്യമായതു കോളനിവാസികളെ ഒന്നിപ്പിക്കാനും മുഖ്യധാരയില്‍ എത്തിക്കാനുമുള്ള ഡി.എച്ച്.ആര്‍.എമ്മിനെ പോലുള്ള ദലിത് പ്രസ്ഥാനങ്ങളുടെ നിരന്തര പരിശ്രമമാണ്. ഇതിനെ രാഷ്ട്രീയപരമായി തടസ്സപ്പെടുത്താനും തകര്‍ക്കാനുമാണ് വ്യവസ്ഥാപിത രാഷ്ട്രീയ-മതശക്തികളുടെ ബ്ളാക്മാന്‍ കഥയെന്നു ജനാധിപത്യശക്തികള്‍ ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു. കറുത്തവരെ ആക്രമിച്ച് ഭയപ്പെടുത്തി നിര്‍ത്താനും ദലിത് കോളനികളെ തങ്ങളുടെ വരുതിക്കു നിര്‍ത്താനും ബ്ളാക്മാന്‍ സംഭവം ഉപകരിക്കുമെന്നാണ് ഇവരുടെ രാഷ്ട്രീയവിലയിരുത്തല്‍.
ഇന്ത്യയിലും കേരളത്തിലും ഏതു കുറ്റകൃത്യങ്ങളും ശാസ്ത്രീയമായി കണ്െടത്താന്‍ കഴിയുന്ന കാലഘട്ടത്തിലാണ് ഇന്നു നാം. എന്നാല്‍ ഊഹാപോഹങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത അമാനുഷികകഥകള്‍ കൊണ്ട് പുരോഗമനപ്രസ്ഥാനങ്ങള്‍ എന്നു വീമ്പുപറയുന്നവര്‍ തന്നെ ഒരു ജനതയുടെ ജനാധിപത്യ സംഘടിത രാഷ്ട്രീയശക്തിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതു പരിഹാസ്യമാണ്.     

'ബ്ലാക്ക്‌മാന്‍ ' തിരക്കഥ എന്തിന് ?, തേജസ് ദ്വൈവാരിക , (മനുഷ്യാവകാശം) അജിത്ത് നന്തന്‍കോട്
31 ഡിസംബര്‍ 2012

2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച

ഓണം മലയാളികളുടെ ശ്രാവണോല്‍സവം : ഡോ: എം എസ് ജയപ്രകാശ്


മലയാളികളുടെ ദേശീയോല്‍സവമാണല്ലോ ഓണം. ചരിത്രം തമസ്കരിച്ച് കെട്ടുകഥകളുണ്ടാക്കിയവര്‍ നൂറ്റാണ്ടുകളായി തുടരുന്ന ജനകീയോല്‍സവമായ ഓണത്തിന്റെ ചരിത്രത്തെയും കെട്ടുകഥയുടെ ഭാഗമാക്കി. ദ്രാവിഡ-ബുദ്ധമത പാരമ്പര്യമുള്ള മലയാളികളുടെ പൂര്‍വികരുടെ 1200 വര്‍ഷത്തെ (ക്രി.മു 300- ക്രി.ശേ 900) ചരിത്രം പരിശോധിച്ചാല്‍ ഓണത്തിന്റെ ചരിത്രസത്യം പുറത്തുവരും. ഈ കാലഘട്ടത്തില്‍ 'കേരളം' എന്ന സംസ്കൃതനാമം രാജ്യത്തിനുണ്ടായിരുന്നില്ല. കേരളത്തിന്റെ തമിഴ്-മലയാള രൂപമായ ചേരം അഥവാ ചേരളമാണുണ്ടായിരുന്നത്. സംസ്കൃതരേഖകളില്‍ മാത്രമാണ് ചേരളത്തിനെ കേരളമായി രേഖപ്പെടുത്തിയിട്ടുള്ളത്. ആര്യവല്‍ക്കരണത്തിനു മുമ്പുണ്ടായിരുന്ന ചേരളം ആര്യവല്‍ക്കരണത്തിനുശേഷം സംസ്കൃതം അധിനിവേശഭാഷ ആയതോടെ കേരളമായി. എന്നാല്‍, ചേരളത്തിലെ ഓണം കേരളത്തിലും തുടര്‍ന്നു.

ചേരരാജ്യമുള്ള 1200 വര്‍ഷത്തെ ചരിത്രം തമസ്കരിക്കാനാണു പരശുരാമകഥ പ്രചരിപ്പിക്കപ്പെട്ടത്. അതു വെറും കഥയല്ല, കഥയില്‍ കാര്യമുണ്ട്. വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണല്ലോ വാമനന്‍. ആറാമത്തെ അവതാരമാണു പരശുരാമന്‍. വാമനനുശേഷമാണ് പരശുരാമന്‍ പ്രത്യക്ഷപ്പെടുന്നത്. അഞ്ചാമത്തെ ആളായ വാമനന്‍ വരുമ്പോള്‍ ഈ നാടുണ്ടായിരുന്നു; മഹാബലി ഭരിച്ചിരുന്ന മാവേലിനാട്. പിന്നീടു വന്ന പരശുരാമന്‍ ഈ നാടിനെ സൃഷ്ടിക്കുന്നതെങ്ങനെ? വാമനന്‍ വരുമ്പോഴുണ്ടായിരുന്ന മാവേലിനാട് സമത്വസുന്ദരമായിരുന്നെന്നും ആ ഭരണാധികാരിയെ പുറത്താക്കിയെന്നുമാണല്ലോ പറയുന്നത്. അദ്ദേഹത്തെ വരവേല്‍ക്കാന്‍ ജനം കാത്തിരിക്കുന്നു എന്നും അതാണ് ഓണത്തിന്റെ കഥയെന്നും പറയുന്നതില്‍ ചരിത്രസത്യമുണ്ട്. ഒരു വ്യവസ്ഥിതി മാറി മറ്റൊന്നു സ്ഥാപിക്കപ്പെട്ട കാര്യമാണ് ഇവിടെ തെളിയുന്നത്.

ചേരനാടിനെ കേരളമാക്കി മാറ്റിയത് പരശുരാമന്‍ തന്നെയാണ്; അതുകൊണ്ടാണ് കേരളം 'സൃഷ്ടിച്ചത്' പരശുരാമനാണെന്നു പറയുന്നത്. പഴയ ചരിത്രം തിരിച്ചറിയാതെയിരിക്കാനാണ് മഴുവെറിഞ്ഞുണ്ടാക്കിയ ഭൂമിയെന്ന കഥ പറയുന്നത്. അവതാരകഥയില്‍ വാമനന്‍ നേരത്തേയാണു വരുന്നതെന്ന കാര്യം മഴുവിന്റെ കാര്യം പറഞ്ഞവര്‍ ഓര്‍ത്തില്ല. ചേരളം കേരളമായപ്പോള്‍ 1200 വര്‍ഷത്തിലധികം സ്വതന്ത്രജനതകളായിരുന്നവരെ ചാതുര്‍വര്‍ണ്യ നിയമപ്രകാരം അടിമകളാക്കി. ക്രി.ശേ 900ല്‍ ആരംഭിച്ച ഈ അടിമത്തം ക്രമേണ ശക്തിപ്രാപിച്ച് 20ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടം വരെ നിലനിന്നു. ഇക്കാലമത്രയും വിദ്യ നിഷേധിക്കപ്പെട്ട അടിസ്ഥാന ജനതകള്‍ക്ക് സത്യാവസ്ഥ തിരിച്ചറിയാനുമായില്ല. ഈ കാലഘട്ടത്തില്‍ ഇന്നത്തെ മലയാളികളുടെ പൂര്‍വികര്‍ ജാതിമതഭേദമില്ലാതെ ആഘോഷിച്ചിരുന്ന ദേശീയോല്‍സവമാണ് ഓണം.

ഈ കാലഘട്ടത്തിലെ മതം ബുദ്ധമതമായിരുന്നു. ചാതുര്‍വര്‍ണ്യ കേരളത്തിലാണ് ഹിന്ദു ജാതിവ്യവസ്ഥ വരുന്നത്. ഇതില്‍നിന്നു ക്രിസ്തുമതത്തിലൂടെയും ഇസ്ലാമിലൂടെയും മോചനം നേടിയവരാണ് ഇന്നത്തെ ക്രൈസ്തവരും മുസ്ലിംകളും. രണ്ടുകൂട്ടരും ദേവാലയത്തിനെ 'പള്ളി' എന്നു വിളിക്കുന്നതും 'മാപ്പിള' എന്നറിയപ്പെടുന്നതും ബുദ്ധപാരമ്പര്യംകൊണ്ടാണ്. മതം മാറിയെങ്കിലും ചേര-ദ്രാവിഡ-ബൌദ്ധപാരമ്പര്യത്തിലൂടെ വന്ന ഓണം എല്ലാവരും ആഘോഷിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലാണ് 'ഓണം' ഹിന്ദുക്കളുടേതാണെന്ന ചിന്തയും സമീപനവും രൂപപ്പെട്ടത്. ഓണം ഹിന്ദുമതത്തിന്റെ ഭാഗമല്ല എന്നതാണു വാസ്തവം. (ഹിന്ദുമതം മതമല്ല, ഒരു വ്യവസ്ഥിതിയാണെന്ന കാര്യവും ഓര്‍ക്കുക). മലയാളികളുടെയെല്ലാം പൂര്‍വികരുടെ പൊതുസംസ്കാരത്തിന്റെ തുടര്‍ച്ചയാണ് ഓണം.

മാവേലിനാടായിരുന്ന ചേരളത്തില്‍നിന്നു ചാതുര്‍വര്‍ണ്യ കേരളത്തിലേക്കുള്ള മാറ്റം ഇങ്ങനെയായിരുന്നു: മഹാബലിയില്‍ നിന്ന് പരശുരാമനിലേക്കും തമിഴ് ബന്ധമുള്ള ദ്രാവിഡ സംസ്കാരത്തില്‍നിന്നു സംസ്കൃത ആധിപത്യമുള്ള ചാതുര്‍വര്‍ണ്യത്തിലേക്കും മാറ്റമുണ്ടായി. ചേരനാട്ടിലെ എഴുത്തുവിദ്യയായിരുന്ന 'നാനംമോന'ത്തില്‍നിന്നു കേരളത്തിലെ ഹരിശ്രീയിലേക്കും (ഹരിശ്രീ അവര്‍ണര്‍ക്കു വിലക്കപ്പെട്ടു) ധര്‍മരാജ്യത്തുനിന്നും ഭ്രാന്താലയത്തിലേക്കും മാറ്റമുണ്ടായി. പെരുമാള്‍ ഭരണം മാറി വര്‍മമാരുടെ ഭരണം വന്നതും വ്യവസ്ഥിതിമാറ്റത്തിന്റെ ഭാഗമായിരുന്നു. ചേരനാടിനെ ചാതുര്‍വര്‍ണ്യ കേരളമാക്കി മാറ്റിയത് പരശുരാമനാണ്. ഈ രീതിയില്‍ കേരളത്തെ 'സൃഷ്ടിച്ചത്' പരശുരാമന്‍ തന്നെ. അതിനു മുമ്പ് ഇതു മലയാളികളുടെ മാതൃഭൂമിയായ ചേരനാടായിരുന്നു.

എഴുത്തിനിരുത്തുന്നതിലും ഓണത്തിലുമൊക്കെ ഹിന്ദുവിശ്വാസത്തിന്റെ അംശമുണ്െടന്ന നിലപാടുകള്‍ ഹൈന്ദവവല്‍ക്കരണം നടന്നുപോയ ഒരു സമൂഹത്തിന്റെ നടുവില്‍ നില്‍ക്കുന്നതുകൊണ്ടുണ്ടായതാണ്. അതിനു ചരിത്രപരമായ സാധുതയില്ല. ഹൈന്ദവ ചാതുര്‍വര്‍ണ്യശക്തികളുടെ അധിനിവേശത്തിനെതിരേ വിമോചനത്തിന്റെ മാന്ത്രിക സന്ദേശം നല്‍കിയ പ്രസ്ഥാനമാണല്ലോ ഇസ്ലാം. ഹിന്ദുത്വം സൃഷ്ടിച്ച നൂറ്റാണ്ടുകളുടെ അടിമത്തത്തെ മാനവികതയിലൂടെ തുടച്ചുമാറ്റുകയാണ് ഇവിടെ ഇസ്ലാം ചെയ്തത്. ഹിന്ദുത്വം സൃഷ്ടിച്ച അടിമത്തത്തിനു മുമ്പ് ദ്രാവിഡ-ബൌദ്ധ-ചേര പാരമ്പര്യമുള്ള ഓണവും എഴുത്തിനിരുത്തുമൊ ക്കെയുണ്ടായിരുന്നു. ഇത് 1500 വര്‍ഷത്തിലധികം നീണ്ടുനിന്നതുമാണ്. പൈശാചികമായ ഒരു സാംസ്കാരിക മര്‍ദ്ദനത്തിലൂടെ ഈ സംസ്കാരത്തെ ചാതുര്‍വര്‍ണ്യശക്തികള്‍ ഞെരിച്ചുകൊന്ന് കശക്കിയെറിയുകയാണു ചെയ്തത്. ഇന്നും ഈ സമീപനം നിലനില്‍ക്കുന്നു. ഇങ്ങനെ തകര്‍ക്കപ്പെട്ട ജനതയെ മോചിപ്പിച്ച ഇസ്ലാമിനു മുന്നിലുള്ളത് ഹിന്ദുത്വശക്തികളും അവരുടെ ഹിന്ദുത്വ ആശയങ്ങളുമാണ്. ഈ ജനതയുടെ ഗതകാലചരിത്രം മുസ്ലിംകള്‍ക്കും മറ്റു മാര്‍ഗങ്ങളിലൂടെ- ശ്രീനാരായണ, അയ്യങ്കാളി പ്രസ്ഥാനങ്ങള്‍- മോചിതരായവര്‍ക്കും വ്യക്തമായി അറിയില്ല.

ഹൈന്ദവവല്‍ക്കരിക്കപ്പെട്ട ഓണത്തിനപ്പുറം തങ്ങളുടെ പൂര്‍വികരുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഓണവും നിലവിളക്കും എഴുത്തിനിരുത്തുമുണ്ടായിരുന്ന കാര്യമാണ് ഓര്‍മിക്കേണ്ടത്. ഒരു വിമോചനപ്രസ്ഥാനമെന്ന നിലയില്‍ ഇസ്ലാം മോചിപ്പിച്ച ജനതയ്ക്ക് ഇന്നാട്ടില്‍ തന്നെ വേരുകളുള്ള സ്വത്വബോധമുണ്ട്. അതു ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായതല്ല, മറിച്ച് ദ്രാവിഡ-ചേര-ബൌദ്ധപാരമ്പര്യവുമായി ബന്ധപ്പെട്ടതുമാണ്. അതുമായുള്ള പൊക്കിള്‍ക്കൊടിബന്ധമാണ് 'പള്ളി' എന്ന പദത്തിലൂടെ വെളിവാകുന്നത്. 'പള്ളി' സ്വന്തമാണെങ്കില്‍ ദ്രാവിഡ സാംസ്കാരികമൂല്യങ്ങളും ഇസ്ലാമിലൂടെ മോചിതരായ ജനതയ്ക്കും സ്വന്തമാണ്. ക്രൈസ്തവര്‍ പള്ളികളില്‍ നിലവിളക്കു കത്തിക്കുന്നതും മുസ്ലിംകള്‍ നിലവിളക്കു വില്‍ക്കുന്നതും ആ സംസ്കാരത്തിന്റെ ഭാഗമാണ്. മാവേലിക്കരയിലെ മാന്നാറില്‍ നിലവിളക്കു വ്യാപാരികളില്‍ 90 ശതമാനവും മുസ്ലിം സഹോദരങ്ങളാണ്. വിളക്കുമായി ബന്ധപ്പെട്ട പൂര്‍വികരുടെ പാരമ്പര്യമാണ് എല്ലാ മതവിഭാഗക്കാരും പിന്തുടരുന്നത്. വിളക്ക് വെളിച്ചത്തിനായി തിരിയിട്ടു കത്തിക്കാനുള്ള ഉപകരണം മാത്രമാണ്. അതിന് ജാതിയും മതവുമില്ല. അതിനു മതമുണ്െടന്നു വരുന്നത് ഹിന്ദുത്വകേന്ദ്രങ്ങള്‍ക്ക് പ്രോല്‍സാഹനമായിത്തീരും. തമസോമാ ജ്യോതിര്‍ഗമയാ!

വ്യവസ്ഥിതി മാറ്റിമറിക്കപ്പെട്ടെങ്കിലും ജനമനസ്സുകളില്‍നിന്നു മഹാബലിയുടെ സ്മരണയെ മാറ്റാന്‍കഴിയുമായിരുന്നില്ല. വര്‍ഷത്തിലൊരിക്കല്‍ സ്വന്തം പ്രജകളെ കാണാന്‍ അനുവദിച്ചുകൊണ്ടുള്ള ഒരു പുറത്താക്കല്‍ (നാടുകടത്തല്‍) ആയിരിക്കണം അന്നു ചാതുര്‍വര്‍ണ്യശക്തികള്‍ മഹാബലിക്കു നല്‍കിയ ശിക്ഷ. മൂന്നടി മണ്ണിന്റെ പേരില്‍ അസുരചക്രവര്‍ത്തിയെ വധിച്ചതുമാവാം. മാത്രമല്ല, ഓണക്കാലത്തായിരിക്കാം ഈ പുറത്താക്കല്‍ ശിക്ഷയുണ്ടായതും. പുറത്താക്കപ്പെട്ട മഹാബലിക്കു മുമ്പും ജനങ്ങളുണ്ടാവണം. ഭരണവും രാജാവും ഓണവും ഉണ്ടാവണമല്ലോ. വാമനകഥയുമായി ബന്ധപ്പെട്ട മഹാബലിക്കു മുമ്പും ഓണാഘോഷം നടന്നിരുന്നു എന്നും കാണാം. ഇപ്രകാരം ഓണാഘോഷവേളയില്‍ പുറത്താക്കപ്പെട്ട ഭരണാധികാരിയായതുകൊണ്ടാവണം വാമനനുമായി ബന്ധപ്പെട്ട മഹാബലി ഓണത്തിന് നാട്ടുകാരെ കാണാന്‍ വരുന്നത്.

ഓണത്തെ സംബന്ധിച്ച ഏറ്റവും പഴയ പരാമര്‍ശം കാണുന്നത് സംഘകാല കൃതിയായ മധുരൈ കാഞ്ചിയിലാണ് (ക്രി.ശേ 100-600 കാലഘട്ടം). സംഘം കൃതികള്‍ പുരാതന കേരളത്തെപ്പറ്റിയുള്ള ആധികാരിക രേഖകളാണ്. തമിഴ് കൃതികളാണിവയെങ്കിലും നല്ലൊരുഭാഗം കൃതികളുമെഴുതിയത് മലയാളനാട്ടിലെ എഴുത്തുകാരായിരുന്നു. അന്നത്തെ സാഹിത്യഭാഷ തമിഴായിരുന്നു. 16ാം നൂറ്റാണ്ടുവരെ ഇംഗ്ളണ്ടിലും ഫ്രാന്‍സിലും ഇറ്റലിയിലും മറ്റും ലാറ്റിന്‍ ഭാഷ സാഹിത്യഭാഷ ആയിരുന്നതുപോലെയാണിത്.

ചിങ്ങമാസത്തിലാണ് ഓണം ആഘോഷിക്കുന്നത്. ചിങ്ങമാസത്തിനെ സംസ്കൃതത്തില്‍ ശ്രാവണമാസമെന്നാണു വിളിക്കുക. 'സാവണം' എന്ന പാലി പദത്തിന്റെ സംസ്കൃതരൂപമാണ് ശ്രാവണം. സംസ്കൃതത്തിനു മുമ്പ് കേരളത്തില്‍ (ചേരനാട്ടില്‍) എത്തുന്നത് പാലിയാണ്. അങ്ങനെയാണ് സാവണം (ചിങ്ങം) പിന്നീട് ശ്രാവണമായത്. ഇതുതന്നെയാണ് 'മാമാങ്കം' എന്ന പദത്തിന്റെ ഉല്‍പ്പത്തിയിലും ശ്രദ്ധേയമാവുന്നത്. 'മാര്‍ഗം' എന്ന പാലി പദത്തിന്റെ സംസ്കൃതരൂപമാണ് മഹാമാര്‍ഗം (മഹാമാര്‍ഗോല്‍സവം). മഹാമാര്‍ഗമാണ് മാമഗ്ഗമായറിയപ്പെടുന്നത്. മാമഗ്ഗം മലയാളത്തില്‍ മാമാങ്കമായി മാറിയിട്ടുണ്ട്.